Image default
Uncategorized

പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മംഗളൂരു ഒഴിവാക്കി; ശക്തമായ പ്രതിഷേധം

0:00

പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മംഗളൂരു ഒഴിവാക്കി; ശക്തമായ പ്രതിഷേധം

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേ ബോർഡിന്റെ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം. കേരളത്തിലെ ജനപ്രതിനിധികളെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയാണ് അർധരാത്രിയിൽ റെയിൽവേ ബോർഡ് ഉത്തരവിറക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ പുതിയ മാറ്റം നിലവിൽ വരും.
മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പാലക്കാട് ഡിവിഷന്റെ പരിധിയിൽനിന്ന് ഒഴിവാകുന്നതോടെ ഡിവിഷന്റെ വിസ്തൃതിയും റെയിൽവേ പാതകളുടെ എണ്ണവും ഗണ്യമായി കുറയും. ഇതോടെ കേന്ദ്ര ബജറ്റിൽനിന്ന് ലഭിക്കുന്ന ഫണ്ടിലും കുറവുണ്ടാകുമെന്നും വികസന പദ്ധതികൾക്ക് തിരിച്ചടിയാകുമെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. മംഗളൂരു മൈസൂരു റെയിൽവേ ഡിവിഷന്റെ ഭാഗമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ പരിധി കാസർകോടിന് അപ്പുറം നേത്രാവതി പുഴയുടെ ഇക്കരെയുള്ള ഉള്ളാൾ വരെ മാത്രമായി ചുരുങ്ങും.
മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാർ, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ ഇനി മൈസൂരു ഡിവിഷന് നിർണായക പങ്കുണ്ടാകും. ട്രെയിനുകളുടെ യാത്രാദൂരം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾക്കും മൈസൂരു ഡിവിഷന് അധികാരം ലഭിക്കുമെന്ന ആശങ്കയുണ്ട്. മംഗളൂരുവിൽനിന്ന് ട്രെയിനുകൾ ആരംഭിക്കുന്നതിനാൽ പാലക്കാട് ഡിവിഷന് യാത്രക്കാർക്കുള്ള അടിയന്തര ക്വാട്ട അനുവദിക്കുന്നതിലും പരിമിതിയുണ്ടാകും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങളും നഷ്ടപ്പെടും. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
പനമ്പൂർ ചരക്ക് യാർഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും വലിയ കുറവുണ്ടാകും. ഡിവിഷന്റെ വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ നടപടിയെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ആരോപിച്ചു. കേരളത്തിലെ എംപിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർധരാത്രിയിലെ തീരുമാനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിരുദ്ധമായ റെയിൽവേ നടപടിക്കെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.
റെയിൽവേ മലയാളികളെ വെല്ലുവിളിക്കുകയാണെന്ന് എം.കെ. രാഘവൻ എം.പിയും ആരോപിച്ചു. വടക്കൻ കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നടപടിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഘവൻ മുന്നറിയിപ്പ് നൽകി.
മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന പാലക്കാട് ഡിവിഷന്റെ പ്രത്യേകതയും പരിഗണനയും പുതിയ തീരുമാനത്തോടെ ഇല്ലാതാകുകയാണ്. 2007ൽ കോയമ്പത്തൂർ മേഖലയെ പുതുതായി രൂപീകരിച്ച സേലം ഡിവിഷനിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മംഗളൂരു മേഖലയെയും ഒഴിവാക്കുന്നത്. കർണാടകയിലെ സ്റ്റേഷനുകൾ ഒരൊറ്റ ഡിവിഷനിൽ ഉൾപ്പെടുത്തുന്നത് വികസനത്തിന് ഗുണകരമാകുമെന്ന ജനപ്രതിനിധികളുടെയും കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയുടെയും നിലപാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് റെയിൽവേയുടെ വിശദീകരണം.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Related post

കോങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനമെന്ന് പരാതി; അച്ഛനെയും ഭീഷണിപ്പെടുത്തിയതായി ആരോപണം

Time to time News

ജില്ലാ ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണം; 68കാരന് കടിയേറ്റുവസ്ത്രങ്ങളും കടിച്ചുകീറി

Time to time News

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."