കാട്ടൂർ ലക്ഷ്മി കേസ്: പ്രതികൾക്ക് ജീവപര്യന്തവും പിഴയു

തൃശ്ശൂർ:ഇരിങ്ങാലക്കുട കാട്ടൂർ കടവിൽ നന്താനത്തുപറമ്പിൽ ലക്ഷ്മി (43)യെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
കാട്ടൂർ കടവിൽ നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), പുല്ലഴി ഒളരിയിൽ നങ്ങേലി വീട്ടിൽ ശരത്ത് (36) , ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എൻ വിനോദ് കുമാർ ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് 2,00,000 രൂപ കൊല്ലപ്പെട്ട ലക്ഷ്‌മിയുടെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവായി. 5, 6, 7 പ്രതികളെ ഗൂഢാലോചനയിൽ പങ്കില്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെയായിരുന്നു കാട്ടൂർകടവിലെ വാടകവീടിനു മുന്നിലുള്ള റോഡിൽ വെച്ച് ലക്ഷ്‌മിയെ തോട്ടയെറിഞ്ഞ് വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഗുണ്ടാലിസ്റ്റിലുള്ള കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷാണ് ലക്ഷ്‌മിയുടെ ഭർത്താവ്. ദർശൻകുമാർ കാട്ടൂർ സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളും വിവിധ സ്റ്റേഷൻ പരിധികളാലായി 15 ക്രിമിനൽക്കേസുകളിൽ പ്രതിയുമാണ്. ചേർപ്പ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട രാകേഷ് കൊലക്കേസുൾപെടെ ഏഴ് ക്രിമിനൽക്കേസുകളിൽെ പ്രതിയാണ്.
ഇൻസ്പെക്ടർ വി വി അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, പി ജെ ജോബി, എബിൽ ഗോപുരൻ, പി എസ് സൗമ്യ എന്നിവർ ഹാജരായി.
