വിവരങ്ങള്‍ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തില്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ

തൃശൂർ: “വിവരങ്ങൾ ലഭ്യമല്ല”, “സൂക്ഷിച്ചിട്ടില്ല” എന്നീ മറുപടികൾ ഇനി മതിയാകില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് മുന്നറിയിപ്പ് നൽകി.
തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാർക്ക് ആവശ്യമായ വിവരങ്ങൾ ക്രമമായി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓഫീസ് മേധാവികളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് വിവരങ്ങൾ ലഭ്യമല്ല, അല്ലെങ്കിൽ ഫയലുകൾ ക്രോഡീകരിച്ചിട്ടില്ല എന്ന പേരിൽ മറുപടി നൽകുന്നത് നിയമലംഘനമാണെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇത്തരത്തിലുള്ള മറുപടികൾ ആവർത്തിക്കുന്ന ഓഫീസർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രമല്ല, ഫയലുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും വിവരാവകാശ നിയമത്തെക്കുറിച്ച് അവബോധം വേണമെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കുക ജനങ്ങളുടെ അവകാശമാണെന്നും നിയമപരിധിക്കുള്ളിൽ വിവരങ്ങൾ നൽകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സിറ്റിംഗിൽ പരിഗണിച്ച 30 പരാതികളിൽ 26 എണ്ണം തീർപ്പാക്കി. നാല് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം, പിഡബ്ല്യൂഡി, കെ.എസ്.ഇ.ബി., ദേവസ്വം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളാണ് കമ്മീഷൻ പരിശോധിച്ചത്.
