വാഹനാപകടം; ദമ്പതികൾക്ക്
ദാരുണാന്ത്യം

മലപ്പുറം : പുത്തനത്താണി തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുനാവായ ചേരുലാൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു.പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സിദ്ദിഖ് സംഭവസ്ഥലത്തുവച്ചും റീഷ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകനാണ് സിദ്ദിഖ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മൻസൂർ. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
