ചർച്ചക്കിടെ ഏറ്റുമുട്ടി പ്രശാന്ത് ശിവനും ആർഷോയും; പാലക്കാട് ചേരിതിരിഞ്ഞ് ബിജെപി–സിപിഎം പ്രവർത്തകർ സംഘർഷം

പാലക്കാട് ∙ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചർച്ചക്കിടെ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ വാക്കേറ്റം കയ്യാങ്കളിയായി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ‘വോട്ടുകവല’ പരിപാടിയിലാണ് സംഭവം.
ചർച്ചയ്ക്കിടെ സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടുകയാണെങ്കിൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പ്രശാന്ത് ശിവൻ വെല്ലുവിളിച്ചത് ബഹളത്തിന് തുടക്കമാകുകയായിരുന്നു. ഇതിനെതിരെ ആർഷോ ശക്തമായി പ്രതികരിച്ചു. തുടർന്ന് ഇരുവരും പരസ്പരം വാക്കേറ്റത്തിലേർപ്പെട്ടു.
പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്നാരോപിച്ച് സിപിഎം പ്രവർത്തകർ എഴുന്നേറ്റതോടെ ബിജെപി പ്രവർത്തകരും സംഘമായി എത്തി. പിന്നാലെ ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.
സ്ഥിതി വഷളായതോടെ പോലീസ് ഇടപെട്ട് നേതാക്കളെയും പ്രവർത്തകരെയും വേർതിരിച്ചു. സംഭവം ചെറിയ സംഘർഷം സൃഷ്ടിച്ചെങ്കിലും തുടർന്ന് സ്ഥിതി നിയന്ത്രണത്തിലായി.

