മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ലൈംഗിക തൊഴിലാളിയെന്ന് പ്രതിയുടെ മൊഴി

എറണാകുളം: കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ ജോർജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണെന്ന് ജോർജ് മൊഴിയിൽ പറഞ്ഞു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായും പിന്നീട് സാമ്പത്തിക തർക്കം ഉണ്ടായി. തർക്കത്തിനിടെ ചുറ്റിക ഉപയോഗിച്ച് തലയിൽ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ജോർജ് പൊലീസിന് വ്യക്തമാക്കി.
തേവര കോന്തുരുത്തിയില്‍ ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് രാവിലെ ശുചീകരണ തൊഴിലാളികൾ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ അബോധാവസ്ഥയിൽ ജോർജിനെയും കണ്ടതിനെ തുടർന്ന് പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ രക്തക്കറ പൊലീസ് കണ്ടെത്തി.
രാത്രിയോടെ കൊലപാതകം നടന്നതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്ന് വീണതാകാമെന്നും പൊലീസ് പറഞ്ഞു. ചാക്ക് തിരഞ്ഞ് പുലർച്ചെ കടകളിൽ ജോർജ് നടന്നിരുന്നുവെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തി.
കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി ആയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം, തിരിച്ചറിയൽ നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

