കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി

കണ്ണൂർ: സെൻട്രൽ ജയിലില്‍ റിമാൻഡ് തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശിയും വാട്ടർ അതോറിറ്റിയിലെ മുൻ ജീവനക്കാരനുമായ ജിൽസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ റിമാൻഡില്‍ കഴിയുകയായിരുന്നു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് ജിൽസൺ ജീവനൊടുക്കാൻ ശ്രമിച്ചത്. ജയിലിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി കൈക്കലാക്കി കഴുത്തറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ രക്തപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട സഹതടവുകാരാണ് സംഭവം ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിൽ അധികൃതർ ജിൽസനെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു എന്നാണ് അറിയാൻ കഴിയുന്നത്
കടബാധ്യത മൂലം ജീവിതം തകർന്നതിനെ തുടർന്ന് ജിൽസൺ നേരത്തെ ഭാര്യ ലിഷയെ കൊല്ലുകയും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വിഷു ദിനത്തിലാണ് ഇയാൾ ഷാൾ, കേബിൾ എന്നിവ ഉപയോഗിച്ച് ഭാര്യയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയത്. മക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സംഭവം നടന്നത്. തുടർന്ന് ഇയാൾ വിഷം കഴിച്ചും കയറിൽ തൂങ്ങിയും ജീവൻ ഒടുക്കാൻ ശ്രമിച്ചു, എന്നാൽ കയർ പൊട്ടി താഴെ വീണ് നട്ടെല്ലിനും വാരിയെല്ലിനും പരിക്കുകൾ പറ്റി . ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് സംഭവത്തിന് പിന്നിലെ പ്രധാനകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
“ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല… അവളെ വിട്ടിട്ട് പോകാൻ പറ്റില്ല… അതുകൊണ്ടാണ് അവളുടെ ജീവൻ എടുത്തത്. അവൾക്ക് സുഖമില്ല, രോഗം മാറില്ല… അവളുടെ കൂടെ ഞാനും പോയതാ… പക്ഷേ കയർ ചതിച്ചപ്പോളാണ് ശ്രമം പാഴായത്,” എന്നാണ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലും കുറിപ്പുകളിലും ജിൽസൺ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജയിൽ അധികൃതർ നൽകിയ ഉദ്യോഗസ്ഥ വിവരങ്ങൾ പ്രകാരം, ജിൽസൺ ജയിലിലെത്തിയതിന് ശേഷവും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് കൗൺസിലിംഗ് നൽകിയുവരികയായിരുന്നു എന്നും വ്യക്തമാക്കുന്നു. മുൻപ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടായതിനാൽ ഇതുസംബന്ധിച്ച് അധിക ജാഗ്രതയും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, അതിസുരക്ഷ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്ന സാഹചര്യത്തിലും ഇത്തരമൊരു സംഭവം നടന്നതിനെ തുടർന്ന് ജയിൽ അധികൃതരുടെ വീഴ്ചയെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റിൻ്റെ നടപടികൾ പൂർത്തിയാക്കി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂർ ടൗൺ സി.ഐയുടെ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്.

