ഭാര്യയുടെ കൺമുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി; പ്രതികൾക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിനെത്തുടർന്നുണ്ടായ വൈരാഗ്യത്താൽ ആലപ്പുഴ എടത്വയിലെ ഓട്ടോ ഡ്രൈവർ അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ തലവടി സ്വദേശികളായ അമൽ (അപൂസ് 21), കെവിൻ 19 എന്നിവരെ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി 3 ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷിച്ചത്.
2019 ജനുവരി 14 രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. രണ്ടാം പ്രതിയായ കെവിന്റെ സഹോദരിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും മടങ്ങിവരവേ എടത്വായ്ക്ക് വരുന്ന വഴിയിൽ ഇറക്കിവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ അനിൽകുമാറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിൽ വച്ച് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി അമൽ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് ഓട്ടോഡ്രൈവറായ അനിൽകുമാറിൻ്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. ഈ സമയം രണ്ടാം പ്രതി കെവിൻ അനിൽകുമാറിനെ പിടിച്ച് നിർത്തുകയായിരുന്നു. ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അനിൽകുമാറിന്റെ ഭാര്യ സന്ധ്യയെയും പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. നാട്ടുകാർ ചേർന്ന് അനിൽകുമാറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ മരിച്ചു.
ഭാര്യ സന്ധ്യയുടെ മൊഴി പ്രകാരമാണ് എടത്വാ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത് എടത്വാ സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് ആയിരുന്നു. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. വിധി കേൾക്കുന്നതിനായി കൊല്ലപ്പെട്ട അനിൽകുമാറിൻ്റെ അമ്മയും ഭാര്യ സന്ധ്യയും മകൻ ആദിത്യനും മറ്റ് ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.
