വാളയാർ വംശീയക്കൊല; ആൾക്കൂട്ടക്കൊലപാതകം,
രണ്ടുപേർ അറസ്റ്റിൽ
എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി അതിഥിത്തൊഴിലാളിയായ രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ വിനോദ്‌കുമാർ (54), ജഗദീഷ്‌കുമാർ (49) എന്നിവരെയാണ് ക്രൈം ബ്രാഞ്ചും വാളയാർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെന്ന് സംശയിക്കുന്ന ചിലർ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഈ മാസം 17-ന് വൈകിട്ടാണ് അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേലിനെ ‘ബംഗ്ലാദേശിയല്ലേ’ എന്നാരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരണപ്പെട്ടു.
കേസിൽ നേരത്തെ ബിജെപി പ്രവർത്തകരായ എ. അനു, സി. പ്രസാദ്, സി. മുരളി, കെ. ബിബിൻ, അനന്തൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വംശീയ വിദ്വേഷം പ്രേരിതമായ ആൾക്കൂട്ട കൊലപാതകമായി കേസ് കണക്കിലെടുത്ത് എസ്‌സി–എസ്‌ടി അതിക്രമനിരോധന നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

