ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ പകടത്തിൽ 17 യാത്രക്കാർ വെന്തുമരിച്ചു. 20ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48ലാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ്, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചു. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി സെൻട്രൽ ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് എത്തിയപ്പോഴാണ് ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസിൽ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണമാകുകയായിരുന്നു.

