അലിഗഢ് മുസ്ലിം സർവകലാശാല ക്യാമ്പസിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

അലിഗഢ്: അലിഗഢ് മുസ്ലിം സർവകലാശാല (AMU) ക്യാമ്പസിനുള്ളിൽ അധ്യാപകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എ.എം.യുവിലെ എ.ബി.കെ. യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകനായ റാവു ദാനിഷ് ഹിലാൽ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വെടിയേറ്റ് മരിച്ചത്.
ക്യാമ്പസിലെ കെനഡി ഹാൾ കാന്റീനിന് സമീപത്ത് ബൈക്കിലെത്തിയ അജ്ഞാതർ വെടിവെപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമികളെ തിരിച്ചറിയുന്നതിനായി ക്യാമ്പസിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കൊലപാതകത്തിൽ കേസെടുത്ത പൊലീസ്, അജ്ഞാതർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സർവകലാശാല ക്യാമ്പസിലെ സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

