പാൽകൊടുക്കുന്ന നാടകവും കടൽത്തീര യാത്രയും; കുഞ്ഞിനെ രണ്ടുതവണ കടലിലെറിഞ്ഞ അമ്മ കുറ്റക്കാരി – തയ്യിൽ കൊലക്കേസിൽ കോടതി വിധി

കണ്ണൂർ: തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്ന് കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
വൈകാരികമായ ഒരു എടുത്തുചാട്ടത്തിന്റെ ഫലമല്ല, കാമുകനൊപ്പം ജീവിക്കാൻ തടസ്സമായ കുഞ്ഞിനെ ഒഴിവാക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു ശരണ്യയുടെ ക്രൂരകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം ഭർത്താവ് പ്രണവിന്റെ മേൽ കെട്ടിവച്ച് രക്ഷപ്പെടാമെന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടൽ.
മാനസികമായി അകന്ന് കഴിയുകയായിരുന്ന ശരണ്യയും ഭർത്താവ് പ്രണവും ഏറെക്കാലത്തിനുശേഷമാണ് വീണ്ടും ഒന്നിച്ചിരുന്നത്. സത്യത്തിൽ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ശരണ്യ പ്രണവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിനിടെ ഒന്നുമറിയാത്തവളായി അഭിനയിച്ച ശരണ്യ, കുഞ്ഞ് കാണാതായതിന്റെ ഉത്തരവാദിത്വം ഭർത്താവിന് മേൽ ചുമത്താൻ ശ്രമിച്ചു. എന്നാൽ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പോലീസ് യഥാർഥ സത്യം പുറത്തെടുത്തു.
പാൽകൊടുക്കാനെന്ന വ്യാജേന
2020 ഫെബ്രുവരി 17-ന് പുലർച്ചെ രണ്ടുമണിയോടെ, ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തു. കുഞ്ഞ് ഉണർന്നതോടെ ഭർത്താവും ഉണർന്നു. ഉടൻ പാൽകൊടുക്കാനെന്ന വ്യാജേന കസേരയിൽ കുറച്ചുസമയം ഇരുന്ന ശരണ്യ, ഭർത്താവ് വീണ്ടും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പിൻവശത്തെ വാതിൽ തുറന്നു. മതിലിനരികിലെ ഇടുങ്ങിയ വഴിയിലൂടെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അവൾ കടൽത്തീരത്തേക്ക് നടന്നു.
രണ്ടുതവണ കടലിലെറിഞ്ഞു
കടൽത്തീരത്തെ കൽക്കെട്ടിൽ ഇറങ്ങിയ ശരണ്യ, ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടലിലിട്ടു. വെള്ളത്തിൽ വീണതോടെ കുഞ്ഞ് കരഞ്ഞപ്പോൾ വീണ്ടും എടുത്തു. തുടർന്ന് ആർത്തലയ്ക്കുന്ന തിരയിലേക്ക് രണ്ടാമതും കുഞ്ഞിനെ എറിഞ്ഞു. കുഞ്ഞ് തിരയിൽ മുങ്ങിയെന്ന് ഉറപ്പായതോടെ ശരണ്യ നേരെ വീട്ടിലേക്ക് മടങ്ങി.
‘ഞാനൊന്നുമറിഞ്ഞില്ല’
എന്ന നാടകം
വീട്ടിലെത്തി ഒന്നുമറിയാത്തതുപോലെ കിടന്ന ശരണ്യ, പുലർച്ചെയോടെ കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് വിളിച്ചുപറഞ്ഞത്. ഭർത്താവിനോട് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടു. കടലിൽ വീണ കുഞ്ഞിന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താനാകില്ലെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങി. പോലീസും നാട്ടുകാരും രാവിലെ തന്നെ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
തെളിവുകളും കോടതി വിമർശനവും
ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കേസിൽ നിർണായക തെളിവായെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ബന്ധത്തിന്റെ പേരിൽ മാത്രം നിധിൻ ശരണ്യയെ കൊലപാതകത്തിന് നിർബന്ധിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി വിമർശിച്ചു. നിർണായക തെളിവുകൾ ശേഖരിക്കുന്നതിൽ പിഴവുണ്ടായെന്നും പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനങ്ങളായി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസിൽ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതക കേസിൽ തളിപ്പറമ്പ് കോടതി വിധി പ്രസ്താവിച്ചത്.

