ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസ്: മാതാവ് ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: തളിപ്പറമ്പ് ഒന്നരവയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത്, വാരം വലിയന്നൂർ പുന്നക്കൻ ഹൗസിൽ പി. നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു.
2020 ഫെബ്രുവരി 17നായിരുന്നു സംഭവം. തയ്യിൽ കൊടുവള്ളി ഹൗസിൽ പിതാവ് പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഒന്നരവയസ്സുകാരനായ വിയാനെ പുലർച്ചെ ശരണ്യ എടുത്തുകൊണ്ടുപോയി കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നിധിനെതിരെ ചുമത്തിയ ഗൂഢാലോചനയും പ്രേരണയും സംബന്ധിച്ച കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അതിനാൽ ഇരുവർക്കുമെതിരെ ചുമത്തിയ 120 ബി, 109 വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന വിയാനെ പാൽ നൽകാനെന്ന വ്യാജേന എടുത്ത ശരണ്യ, വീടിന് പുറത്തേക്ക് കൊണ്ടുപോയി ഏകദേശം 60 മീറ്റർ അകലെയുള്ള കടൽഭിത്തിയിൽ കയറി ഒമ്പത് മീറ്ററോളം താഴ്ചയിലേക്ക് കുട്ടിയെ എറിയുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുലർച്ചെ കുട്ടിയെ കാണാനില്ലെന്ന് ശരണ്യ പറഞ്ഞതിനെ തുടർന്ന് പ്രണവ് പൊലീസിൽ പരാതി നൽകി. നടത്തിയ തിരച്ചിലിലാണ് തയ്യിൽ കടലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ആദ്യം പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ശരണ്യ നടത്തിയതാണെന്ന് വ്യക്തമായത്.
ഭർത്താവിനുമേൽ കുറ്റം ചുമത്തി സുഹൃത്തിനൊപ്പം താമസിക്കാനായിരുന്നു അരുംകൊലയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. 84 രേഖകളും 19 ഭൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കി.
ജാമ്യത്തിലിറങ്ങിയ ശരണ്യ, കേസ് തളിപ്പറമ്പ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2025 ജനുവരി 20നാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്‌ക്കായി എത്തിയ ശരണ്യ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമീപത്തെ ഒരു ഹോട്ടലിൽ മുറിയെടുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


