സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു’; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ

പാലക്കാട്: ആർഎസ്‌എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയായ രുദ്ര രാജേഷ് (16) ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. വിദ്യാർഥിനിയുടെ മരണത്തിൽ വ്യാജകാരണങ്ങൾ നിരത്തി സ്വന്തം വീഴ്ചകൾ മറയ്ക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ നിലപാട് അപലപനീയമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
അറിവ് പകരേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർഎസ്‌എസ് ശാഖകളാക്കി മാറ്റുകയും വിദ്യാർഥികളെ മാനസികവും ശാരീരികവും ആയി ദ്രോഹിക്കുകയും ചെയ്യുന്ന സമീപനമാണ് വ്യാസവിദ്യാപീഠം മാനേജ്മെന്റ് പിന്തുടരുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ റാഗിങ് ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങൾ നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്നും സംഘടന ആരോപിച്ചു.
മരണപ്പെട്ട രുദ്ര രാജേഷ് ക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്നും, ഹോസ്റ്റൽ വാർഡൻ അടക്കം അധികാരികളോട് പരാതി നൽകിയിട്ടും യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ സിബിഎസ്ഇ ബോർഡും കേന്ദ്ര മാനവവിഭവശേഷി വകുപ്പും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര അന്വേഷണം നടത്തണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

അതേസമയം, വ്യാസവിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂൾ ഹോസ്റ്റലിൽ നടന്ന സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം വരോട് അത്താണി പുതിയ കോവിലകത്ത് സ്വദേശിയായ രുദ്ര രാജേഷിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി വ്യാഴാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടക്കും.
സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി, ശിശുക്ഷേമ സമിതി അധികൃതർ ഉൾപ്പെടെയുള്ളവർക്ക് രുദ്രയുടെ പിതാവ് രാജേഷ് പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിൽ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും, കുടുംബപ്രശ്‌നങ്ങൾ കാരണമെന്ന പ്രചാരണം സ്കൂൾ മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
വിദ്യാർഥിനിയുടെ മരണത്തിന് റാഗിങ് കാരണമെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ വാദം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വ്യക്തത ഉണ്ടാകൂ എന്നും നോർത്ത് സി.ഐ എം.ബി. രാജേഷ് അറിയിച്ചു.


