ഇ. അബൂബക്കറിന് സ്വകാര്യ ചികിത്സ വേണോ? എൻ.ഐ.എയോട് ഹൈകോടതി

ന്യൂഡൽഹി: വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ തിഹാർ ജയിലിലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) സ്ഥാപക ചെയര്മാൻ ഇ. അബൂബക്കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന കാര്യത്തിൽ ഡൽഹി ഹൈകോടതി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അഭിപ്രായം തേടി. ചികിത്സക്കായി തന്നെ കൊണ്ടുപോയ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) നിന്ന് ദുരന്തപൂർണമായ അനുഭവത്തെ തുടർന്നാണ് സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് അനുമതി തേടിയത്. ജയിലിൽനിന്ന് മാറിനിൽക്കാൻ താൻ രോഗബാധ വ്യാജമായുണ്ടാക്കിയെന്ന് വരെ എയിംസ് ഡോക്ടർമാർ ആരോപിച്ചുവെന്ന് അബൂബക്കറിന്റെ അപേക്ഷയിലുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇ. അബൂബക്കറിനെ ന്യൂഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച എയിംസില്‍നിന്നുള്ള 10 ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ യഥാർഥ ആരോഗ്യസ്ഥിതിയെ പ്രതിഫലിപ്പിക്കാതിരുന്നതിനാലാണ് ജാമ്യാപേക്ഷ തള്ളിയതെന്നാണ് കുടുംബത്തിന്റെ പരാതി. നെഞ്ചിലെ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു.
രക്തസമ്മർദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകളും ഉണ്ടായിരുന്നുവെന്നും രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞുവെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.അര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം ഏറെനാളായി വിശ്രമത്തിലായിരുന്ന അബൂബക്കറിനെ 2022 സെപ്റ്റംബര്‍ 22നാണ് ഭീകരക്കുറ്റം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചത്.

