തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം വൻ പരാജയം ഏറ്റുവാങ്ങും: മുഹമ്മദ് മുബാറക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിൽ എസ്‍ഡിപിഐ സ്ഥാനാർഥിക്ക് അനുകൂലമായി ശക്തമായ രാഷ്ട്രീയ ഐക്യം രൂപംകൊള്ളുന്നു. സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഒരുമിച്ച് രംഗത്തിറങ്ങി പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ഡിഎംകെ സഖ്യം അനുവദിച്ച സീറ്റായ നണ്ണിലത്തിൽ മുന്നണിക്കുള്ളിലെ ഏകോപനം ശ്രദ്ധേയമാണ്.
മണ്ഡലത്തിൽ എസ്‍ഡിപിഐക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നും, പ്രചാരണത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുന്നതും മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നതുമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ പ്രമുഖർ നേരിട്ട് രംഗത്തെത്തിയതോടെ പ്രചാരണം കൂടുതൽ ശക്തമായി.
എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി മുഹമ്മദ് മുബാറക്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രചാരണയോഗങ്ങളിൽ സംസാരിക്കവെ അണ്ണാ ഡിഎംകെ–ബിജെപി സഖ്യത്തിന് വൻ പരാജയം നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി.


മണ്ഡല പുനർനിർണ്ണയ ബില്ലിന് നേരിട്ട തിരിച്ചടിപോലെ തന്നെ ഈ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫലം വരും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡിഎംകെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമായിരിക്കും ഇത്തവണത്തെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുതോറും എത്തി വോട്ടർമാരുമായി നേരിട്ടുള്ള ഇടപെടലാണ് മുബാറകിന്റെ പ്രചാരണത്തിന്റെ പ്രത്യേകത. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വിശദീകരിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹത്തിന് വോട്ടർമാരിൽ നിന്നുള്ള പ്രതികരണം അനുകൂലമാണെന്ന് പ്രവർത്തകർ പറയുന്നു. വോട്ടർമാരുടെ പരാതികൾ കേൾക്കുകയും പരിഹാരത്തിന് ഉറപ്പ് നൽകുകയും ചെയ്യുന്ന സമീപനവും ശ്രദ്ധേയമാണ്.

ഇടതുപക്ഷത്തിൽ സിപിഐക്ക് പരമ്പരാഗത സ്വാധീനമുള്ള മണ്ഡലമായ നണ്ണിലത്ത്, മുൻ തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഡിഎംകെ വിജയിച്ചിരുന്നുവെങ്കിലും ഇത്തവണ ഡിഎംകെ സഖ്യത്തിന്റെ ഏകോപിത നീക്കവും കേന്ദ്രവിരുദ്ധ രാഷ്ട്രീയ നിലപാടും ഫലത്തിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
സംസ്ഥാനത്തുടനീളം പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കെ ചൊവ്വാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വത്തിൽ ഡിഎംകെ സഖ്യം ശക്തമായ പ്രചാരണമാണ് നടത്തുന്നത്. നടൻ വിജയ് രാഷ്ട്രീയരംഗത്തേക്ക് കടന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

