സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

പാലക്കാട്: സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു. കല്ലേപ്പുള്ളി അമ്പലക്കാട് മാണിക്യന്റെ മകൻ അരുൺ പ്രസാദ് (അല്ലു – 36) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 5.45 ഓടെ കല്ലേക്കാട് ബ്ലോക്ക് ഓഫീസ് സമീപത്തായിരുന്നു അപകടം. ചെറുകിട കോൺട്രാക്ടറായ അരുൺ പ്രസാദ് ജോലിക്കുശേഷം തന്റെ ബൈക്കിൽ പാലക്കാട് – ഗുരുവായൂർ മെയിൻ റോഡിലേക്ക് കയറാൻ നിൽക്കുന്നതിനിടെ എതിരെ വന്ന ഗുരുവായൂരിലേക്കുള്ള രാജപ്രഭാ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ പ്രസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ തിരക്കും സംഘർഷാവസ്ഥയും അനുഭവപ്പെട്ടു.
യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്ന അരുൺ പ്രസാദ് നിലവിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം പ്രവർത്തകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
ഭാര്യ: സുകൃത.

