ഓപ്പറേഷൻ തൂഫാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 13.729 കിലോ കഞ്ചാവ് പിടികൂടി രണ്ട് പേർ പിടിയിൽ

പാലക്കാട്: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 13.729 കിലോഗ്രാം ഉണങ്ങിയ കഞ്ചാവ് പിടികൂടി. പിടിച്ചെടുത്ത ലഹരിവസ്തുവിന് ഏകദേശം 6.86 ലക്ഷം രൂപ വിപണി വില വരുമെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന ഒഡീഷ സ്വദേശികളായ മുനിബാർ ദിഗാൽ (19), അന്ത ദളബഹേര (21) എന്നിവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ എസ്.ഐ എ.പി. അജിത് അശോകിന്റെയും ജി.ആർ.പി എസ്.ഐ പ്രവീണിന്റെയും നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
പരിശോധനാ സംഘത്തിൽ ആർപിഎഫ് എ.എസ്.ഐ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ് ഒ.കെ, ശ്രീകാന്ത് വി.വി, കോൺസ്റ്റബിൾ എൻ. ശ്രീജിത്ത് എന്നിവരും, ജി.ആർ.പി ഡാൻസാഫ് സബ് ഡിവിഷൻ പാലക്കാട് അംഗങ്ങളായ എ.എസ്.ഐ അനിൽ, എ.എസ്.ഐ മണികണ്ഠൻ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ രജിത്, സി.പി.ഒമാരായ അബ്ദുൾ കലാം, മഗനേഷ്, അനൂപ് എന്നിവരും പങ്കെടുത്തു.
സംഭവത്തിൽ ജി.ആർ.പി പാലക്കാട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

