അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ

മണ്ണാർക്കാട്: അട്ടപ്പാടിയിലെ വനപ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. നാല് മുതൽ അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികളാണ് 68 തടങ്ങളിലായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചത്. അരളിക്കോണം ഉന്നതിയിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ, ഒരു നീർച്ചാലിന് സമീപത്തുള്ള രണ്ട് തോട്ടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) മാസിലാമണി, ജിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്.ആർ, ലക്ഷ്മണൻ.എ.കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് തോട്ടം കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ കണ്ടെത്തിയിരുന്നു. പുതൂരിലെ വനമേഖലയ്ക്കുള്ളിൽ 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് തോട്ടം ഉണ്ടായിരുന്നത്. ഈ തോട്ടത്തിൽ മൂന്ന് മാസം പ്രായമുള്ള ഏകദേശം പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. കേരള പൊലിസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഈ കൃഷി കണ്ടെത്തി നശിപ്പിച്ചത്. കേരള പൊലിസ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണിത് എന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
