ചർച്ചയ്ക്കിടെ പി.എം. ആർഷോയെ ബിജെപി ജില്ലാ അധ്യക്ഷൻ കയ്യേറ്റം ചെയ്ത സംഭവം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: പാലക്കാട് മനോരമ ചാനൽ സംഘടിപ്പിച്ച വോട്ട് കവല പരിപാടിക്കിടെ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത സംഭവം ശക്തമായി അപലപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി.
സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് നടന്ന സംഭവം എന്നും പ്രസ്താവനയിൽ പറയുന്നു. നഗരസഭയുടെ ഭരണപരമായ പരാജയങ്ങൾ ചർച്ച ചെയ്തതിനിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാതെ ഗുണ്ടായിസം പ്രദർശിപ്പിച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു.
“പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ ചർച്ച ചെയ്യവെ, പ്രതിപക്ഷ വാദങ്ങൾക്കുള്ള മറുപടി പറയാതെ തന്നെ അസഭ്യവർഷം നടത്തുകയും, പാനലിൽ പങ്കെടുത്ത നേതാവിനെ നേരിട്ട് കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണ് ഇതിൽ ഉണ്ടായത്. പ്രശാന്ത് ശിവന്റെ ഈ പെരുമാറ്റം ആർ.എസ്.എസ്. ചിന്താഗതിയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നതാണ്,” പ്രസ്താവനയിൽ പറയുന്നു. “അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷം എന്നും നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം കയ്യേറ്റങ്ങൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും”
പ്രസ്താവനയിൽ പറഞ്ഞു
ചെറിയ കോട്ടമൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഡയസിൽ നിന്ന് ഇറങ്ങി വന്ന് പി.എം. ആർഷോയെ പിടിച്ചുതള്ളുകയായിരുന്നു.
സംഭവത്തെ തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടതും സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ കസേരകൾ വലിച്ചെറിഞ്ഞതുമാണ് റിപ്പോർട്ട്. പൊലീസ് ഇടപെട്ട് സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കിയതോടെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.

