ഒൻപത് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; 61കാരന് 74 വർഷം കഠിനതടവും 85,000 രൂപ പിഴയും

വടകര: ഒൻപത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കേസിൽ 61കാരന് 74 വർഷം കഠിനതടവും 85,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.
ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിയായ കുനിയിൽ ബാലൻ (61) ആണ് ശിക്ഷിക്കപ്പെട്ടത്. വിധി നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി പ്രഖ്യാപിച്ചു.
2024 ജനുവരി മാസത്തിൽ എൽ.പി.സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മ മരണപ്പെട്ട സമയത്ത് വീട്ടിലെത്തി ബന്ധുവായ പ്രതി പല ദിവസങ്ങളിലായി കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
പിന്നീട് വിദ്യാർത്ഥിനി സംഭവത്തെക്കുറിച്ച് സ്കൂൾ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് ഹെഡ്മിസ്ട്രസിന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകി.
തൊട്ടിൽപ്പാലം പോലീസ് ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളിലും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത പൊലീസ് 2024 ഫെബ്രുവരി 1 മുതൽ ജയിലിൽ തടവിലായിരുന്നു.
ജാമ്യത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചതിനെ തുടർന്ന് വിചാരണ തടവുകാരനായി കഴിഞ്ഞു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.
2024 ജനുവരി 31-ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണച്ചുമതല തൊട്ടിൽപ്പാലം പോലീസ് ഇൻസ്‌പെക്ടർ ബിനു ടി.എസ്. നിർവഹിച്ചു. സബ് ഇൻസ്‌പെക്ടർ വിഷ്ണു എം.പി.യും ഗ്രേഡ് എ.എസ്.ഐ. സുശീല കെ.പി.യും അന്വേഷണത്തിൽ പങ്കെടുത്തു.
പ്രോസിക്യൂഷൻ ഭാഗത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

