ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിക്കുകയും, കാറിനകത്തുണ്ടായിരുന്ന ഒരാൾ മരിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മുണ്ടൂർ–വേലിക്കാട് റോഡിലാണ് കാർ തീപിടിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ ഇതിനോടകം കാർ പൂർണമായും കത്തിനശിച്ചിരുന്നു. കാറിനകത്തുണ്ടായിരുന്നയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
വേലിക്കാട് സ്വദേശിയുടേതാണ് കത്തിയ കാർ. എന്നാൽ കാറിനകത്ത് മരിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പ് കാറുടമ സമീപത്തെ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സംഭവസ്ഥലത്ത് പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തിവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

