വഴിയരികിൽ ‘ഓപ്പറേഷൻ തിയറ്റർ’; ബ്ലേഡും സ്ട്രോയും ഉപകരണങ്ങളായി — ഡോക്‌ടർമാർ യുവാവിന് ജീവൻ തിരികെ നൽകി

കൊച്ചി: റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാതെ വന്ന യുവാവിന് വഴിയരികിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ നിരവധി പേർ ഡോക്‌ടർമാരെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.
ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിനു സമീപം നടന്ന ബൈക്ക് അപകടത്തിലാണ് കൊല്ലം സ്വദേശി ലിനു ഗുരുതരമായി പരുക്കേറ്റത്. ലിനു സഞ്ചരിച്ച സ്കൂട്ടറും വിപിൻ, മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്ത് കൂടി കടന്നുപോയ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി. മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്.
നാട്ടുകാർ നൽകിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ അടിയന്തര മുറിവുണ്ടാക്കി, സ്ട്രോ ശ്വാസനാളത്തിലേക്ക് പ്രവേശിപ്പിച്ചാണ് ശ്വാസഗതി വീണ്ടെടുത്തത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ഒപ്പമുണ്ടായിരുന്നു. ലിനുവിന്റെ നില ഗുരുതരമായി തുടരുന്നു.

