സംസ്ഥാന ജയിലുകളിൽ വേതന വിപ്ലവം; തടവുകാരുടെ കൂലി പത്ത് മടങ്ങ് വർധിച്ചു

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന ശിക്ഷാതടവുകാർ ചെയ്യുന്ന ജോലികൾക്കുള്ള കൂലി സർക്കാർ കുത്തനെ കൂട്ടി. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങോളം വർധനയാണ് സർക്കാർ വരുത്തിയിരിക്കുന്നത്. പുതുക്കിയ വേതന നിരക്കുകൾ പ്രകാരം സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് ₹620 നൽകും. സെമി സ്‌കിൽഡ് ജോലികൾക്ക് ₹560ഉം അൺ സ്‌കിൽഡ് ജോലികൾക്ക് ₹530ഉം ആയിരിക്കും പുതുക്കിയ വേതനം.
മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്ന തടവുകാർക്ക് ₹63 മാത്രമായിരുന്നു കൂലി. ഇത് ₹530 ആയി ഉയർത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. സെമി സ്‌കിൽഡ് ജോലികളിലെ വേതനം ₹127ൽ നിന്ന് ₹560 ആയും സ്‌കിൽഡ് ജോലികളിലെ വേതനം ₹152ൽ നിന്ന് ₹620 ആയും വർധിപ്പിച്ചു.
ശിക്ഷാതടവുകാർക്കാണ് കൂലി ലഭിക്കുന്ന ജോലികളിൽ ഏർപ്പെടാൻ അർഹത. നാല് സെൻട്രൽ ജയിലുകളിലെ മൂവായിരത്തിലധികം തടവുകാർക്ക് ഈ പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കും. 2018ലാണ് തടവുകാരുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ വർധന ആദ്യമായാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ജയിൽ അന്തേവാസികളെ സ്വയംപര്യാപ്തരാക്കി സമൂഹത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ, സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നും ഉത്തരവിൽ പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ അന്തേവാസികൾക്ക് നൽകിയിരുന്ന വേതനം വളരെ കുറവായിരുന്നുവെന്നും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.
ജയിൽ അന്തേവാസികളുടെ വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും, അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലഭിക്കുന്ന വേതനം കുടുംബ ആവശ്യങ്ങൾക്കും ജയിലിലെ കാന്റീൻ ചെലവുകൾക്കും മോചനാനന്തര സാമ്പത്തിക പിന്തുണയ്ക്കുമായി ഉപയോഗിക്കാനാകും.

