Image default
Uncategorized

പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍

0:00

പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍

കൊല്ലം: പിതൃസഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നുവെന്ന് അറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കേരളപുരം ഗവ. ഹൈസ്‌കൂളിന് പുറകുവശം മുണ്ടന്‍ചിറ മാടന്‍കാവിന് സമീപം ജിതേഷ്ഭവനത്തില്‍ സജീവിന്റെയും ഷീലയുടെയും മകന്‍ സജിത്ത് (27) ആണ് ശനിയാഴ്ച അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പന ആയുര്‍വേദ ആശുപത്രിക്ക് സമീപം അനുജാഭവനില്‍ അനന്തു ആനന്ദന്‍ (29), വര്‍ക്കല പനയറ സനോജ്ഭവനില്‍ പ്രസാദ് (46), നെടുമ്പന ആയുര്‍വേദ ആശുപത്രിക്ക് സമീപം സുരാജ്ഭവനില്‍ സുനില്‍രാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനില്‍ ഷൈജു (40), ഇടപ്പനയം ബിബി സദനത്തില്‍ ബൈജു (42), ഇടപ്പനയം അതുല്‍നിവാസില്‍ അതുല്‍ രാമചന്ദ്രന്‍ (27), സഹോദരന്‍ അഖില്‍ രാമചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാള്‍ കൂടി കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
സജിത്തിന്റെ സഹോദരന്‍ സുജിത്ത് (19), അയല്‍വാസിയായ അശ്വിന്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റു.
പിതാവിന്റെ സഹോദരനായ പവിത്രന്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളി വീട്ടില്‍ അയല്‍വാസിയായ ഷൈജുവുമായി തര്‍ക്കമുണ്ടായെന്ന വിവരം അറിഞ്ഞാണ് സജിത്തും സഹോദരനും കേരളപുരത്തുനിന്ന് സ്ഥലത്തെത്തിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പവിത്രന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും താക്കീത് ചെയ്ത് മടങ്ങിയിരുന്നു.
പോലീസിന്റെ നിര്‍ദേശപ്രകാരം സജിത്തും സഹോദരനും മടങ്ങുന്നതിനിടെ വീടിനടുത്ത് വടക്കടത്ത് ഏലാ–ചങ്ങാതിമുക്ക് റോഡില്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും ആക്രമിക്കുകയായിരുന്നു. രാത്രി 12.30ഓടെയാണ് ആക്രമണം നടന്നത്. കുത്തേറ്റു റോഡില്‍ വീണ സജിത്തിനെ മാറ്റാന്‍ അക്രമിസംഘം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. പിന്നീട് കണ്ണനല്ലൂര്‍ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഘര്‍ഷത്തിനിടെ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെല്‍ഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം രണ്ട് മാസം മുന്‍പാണ് നടന്നത്. ശ്രുതിയാണ് ഭാര്യ.
അനധികൃത മദ്യവില്‍പനയെ എതിര്‍ത്തതിനെ തുടര്‍ന്ന് പവിത്രനും കുടുംബത്തിനും നേരെ മുന്‍പും ആക്രമണങ്ങളുണ്ടായിരുന്നുവെന്നും ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദീപാവലി തലേന്ന് പൂത്തിരി കത്തിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും പവിത്രനും കുടുംബവും ആക്രമിക്കപ്പെട്ടിരുന്നു.

Related post

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ; ബസ് കയറാൻ കാത്തുനിൽക്കുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ

Time to time News

എസ്‌ഡിപിഐ 18-ാം സ്ഥാപകദിനാഘോഷം വിജയിപ്പിച്ച ഏവർക്കും നന്ദി

Time to time News

എസ്ഡിപിഐ പ്രവർത്തന ഫണ്ട് ജില്ലാതല ഉദ്ഘാടനം നാളെ പാറയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."