കാസർകോട് മെഡിക്കൽ കോളജ്: ജനങ്ങളുടെ ജീവൻ പന്തയത്തിൽ; സർക്കാർ വഞ്ചന അവസാനിപ്പിക്കണം – മുന്ന ഫ്രണ്ട്സ്

കാസർകോട് ∙ കാസർകോട് മെഡിക്കൽ കോളജിന്റെ അനന്തമായ നിർമാണ വൈകിപ്പിക്കൽ ജില്ലയുടെ ജനങ്ങളുടെ ജീവനും ആരോഗ്യവും ഗുരുതരമായി ബാധിക്കുന്നതാണെന്ന് മുന്ന ഫ്രണ്ട്സ് ആരോപിച്ചു. വർഷങ്ങളായി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന മെഡിക്കൽ കോളജ് ഇന്നും പേരിനൊരു സ്ഥാപനമായി തുടരുകയാണെന്നും സംഘടന പറഞ്ഞു.
2012 മാർച്ച് 24ന് പ്രഖ്യാപിച്ച കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ നിർമാണം പത്ത് വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിൽ അധ്യയനം ആരംഭിച്ചിരിക്കെ, കാസർകോട് മെഡിക്കൽ കോളജിൽ ഇന്നും കിടത്തി ചികിത്സ പോലും ആരംഭിക്കാനാകാത്തത് ജില്ലയോടുള്ള തുറന്ന അവഗണനയാണെന്ന് മുന്ന ഫ്രണ്ട്സ് ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങളെ തുടർന്ന് ഒപി വിഭാഗം അല്പം വിപുലീകരിച്ചതല്ലാതെ ആശുപത്രി സംവിധാനങ്ങൾ പൂർണമായി ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കിടത്തി ചികിത്സ തുടങ്ങാതെ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കുമെന്ന വാഗ്ദാനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനുളളതാണെന്നും സംഘടന ആരോപിച്ചു.

ഇന്നാണ് കാസർകോട് മെഡിക്കൽ കോളജ് വിഷയത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെയും നാട്ടുകാരുടെയും അകമ്പടിയോടുകൂടിയാണ് മാർച്ച് നടന്നത്. മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
“ഞങ്ങളുടെ മെഡിക്കൽ കോളജ് എവിടെ?” എന്ന ചോദ്യം കാസർകോട് ജനത വർഷങ്ങളായി ഉന്നയിക്കുകയാണ്. എന്നാൽ വ്യക്തമായ സമയപരിധിയും ഉത്തരവാദിത്തപരമായ നടപടികളും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മുന്ന ഫ്രണ്ട്സ് പറഞ്ഞു.
കാസർകോട് ജില്ലയിലെ സാധാരണക്കാർ മികച്ച ചികിത്സയ്ക്കായി ഇന്നും പുറം ജില്ലകളെയും അയൽ സംസ്ഥാനത്തെയും ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്. ഇത് ഭരണകൂടത്തിന്റെ ഗുരുതര പരാജയമാണെന്നും, കാസർകോട് മെഡിക്കൽ കോളജ് പൂർണ പ്രവർത്തനക്ഷമമാകുന്നതുവരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ തുടരുമെന്നും മുന്ന ഫ്രണ്ട്സ് മുന്നറിയിപ്പ് നൽകി.


