യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് അപകടം; നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് നടന്‍ മണിയന്‍ പിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ മ്യൂസിയം പൊലീസ് നടനെതിരെ കേസ് എടുത്തിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എഫ്‌ഐആറില്‍ ആദ്യം നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ മണിയന്‍ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
അപകടം ഇന്നലെ രാത്രി പത്ത് മണിയോടെ തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും, സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
വാഹനത്തിന്റെ ഉടമയായി രജിസ്‌ട്രേഷന്‍ രേഖയില്‍ സുധീര്‍കുമാര്‍ രാജു എന്നാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നടന്‍ മണിയന്‍ പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.
അതേസമയം, യുവാക്കള്‍ തന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറിയതാണെന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം. താന്‍ ഒരു ക്യാന്‍സര്‍ രോഗിയാണെന്നും, അപകടം നടന്നെന്ന് മനസ്സിലായിട്ടും വാഹനം നിര്‍ത്താതെ പോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശബ്ദം കേട്ടതോടെ പാനിക്കായി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

