Image default
Uncategorized

കരമന അഷ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കണം: അല്‍ഹാദി അസോസിയേഷന്‍

0:00

കരമന അഷ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കണം: അല്‍ഹാദി അസോസിയേഷന്‍

തിരുവനന്തപുരം: അല്‍ഹാദി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമയിലെ നേതൃപദവികള്‍ വഹിച്ചിരുന്ന മതപണ്ഡിതനുമായ കരമന അഷ്‌റഫ് മൗലവിയെ ഉടന്‍ മോചിപ്പിക്കണമെന്ന് അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
അഷ്‌റഫ് മൗലവി ഉയര്‍ത്തിപ്പിടിച്ച നീതിബോധത്തിലും ത്യാഗനിര്‍ഭരതയിലും അഭിമാനം പ്രകടിപ്പിക്കുന്നതായും അദ്ദേഹത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവരുന്നത് മുന്‍ഗാമികളായ പണ്ഡിതന്മാരുടെ പാതയാണെന്നും യോഗം വിലയിരുത്തി.
ഇന്ത്യ എന്ന മഹത്തായ ആശയത്തോടും മുസ്‌ലിം സമുദായത്തോടും ശത്രുത പ്രഖ്യാപിക്കുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ നാവും തൂലികയും ഫലപ്രദമായി വിനിയോഗിച്ചതിനാലാണ് അഷ്‌റഫ് മൗലവി ലക്ഷ്യമാക്കപ്പെട്ടതെന്നും യോഗം ആരോപിച്ചു. അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സമുദായ നേതാക്കള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ജാമ്യം നിഷേധിക്കുന്നത് കടുത്ത അന്യായമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് കലാപങ്ങളിലൂടെ മനുഷ്യരെ കൊന്നൊടുക്കുകയും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത കുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുമ്പോള്‍ “ജാമ്യമാണ് നിയമം” എന്ന ആപ്തവാക്യം പലപ്പോഴും മറക്കപ്പെടുന്നതായി യോഗം വിമര്‍ശിച്ചു. യുഎപിഎ പോലുള്ള നിയമങ്ങളുടെ ദുരുപയോഗം വഴി ജാമ്യം നിഷേധിച്ച് നീണ്ടകാലം ജയിലില്‍ പാര്‍പ്പിക്കുന്നത് സര്‍വസാധാരണമായിരിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
മതപരമായ വിവേചനം ഒഴിവാക്കുക, നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുക, മനുഷ്യാവകാശം സംരക്ഷിക്കുക, സംശയത്തിന്റെ ആനുകൂല്യം നല്‍കുക, സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നിവ നീതിന്യായ രംഗത്ത് പരിരക്ഷിക്കപ്പെടേണ്ട ധാര്‍മ്മിക മൂല്യങ്ങളാണെന്നും യോഗം അഭിപ്രായപ്പെട്ടു. മതപണ്ഡിതന്മാരും സമുദായ നേതൃത്വവും കരമന അഷ്‌റഫ് മൗലവി ഉള്‍പ്പെടെയുള്ള നിരപരാധികളുടെ മോചനത്തിനായി ശബ്ദിക്കണമെന്നും അല്‍ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കെ.കെ. സൈനുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ആബിദ് മൗലവി അല്‍ഹാദി ഓച്ചിറ, പാനിപ്ര ഇബ്രാഹിം ബാഖവി, എസ്. അര്‍ഷദ് അല്‍ ഖാസിമി, മാഹിന്‍ ഹസ്രത്ത്, ഫിറോസ്ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

Related post

നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്ക്

Time to time News

കോഴിക്കോട്ട് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Time to time News

കോഴിക്കോട് 16 കാരിയേയും 20 കാരനേയും മരിച്ച നിലയിൽ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."