കാസര്‍കോട് മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികള്‍ക്ക് മര്‍ദനം; സംഘ്പരിവാര്‍ ആക്രമണമെന്ന് ആരോപണം

കാസര്‍കോട്: മഞ്ചേശ്വരത്ത് ലോറിയില്‍നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ ഒരു സംഘം മര്‍ദിച്ചതായി പരാതി. യുപി സ്വദേശികളുമായും പാലക്കാട് താമസക്കാരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരും കാസര്‍കോട് സ്വദേശിയായ അബ്ബാസും മര്‍ദനത്തിനിരയായി.
പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിന് സമീപം കന്നുകാലികളെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ ആരോപിച്ചു. പാലക്കാട് നിന്നു ലോറിയില്‍ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെയാണ് അഞ്ചോളം പേരടങ്ങുന്ന സംഘ്പരിവാര്‍ സംഘം ആക്രമണം നടത്തിയതെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അക്രമത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

