എലപ്പുള്ളിയിലെ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എലപ്പുള്ളി മണിയേരി സ്വദേശി വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെയാണ് എലപ്പുള്ളി പേട്ട ജംഗ്ഷന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലുകൾക്ക് നേരിയ പൊള്ളലേറ്റ നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
എലപ്പുള്ളിയിൽ പശു ഫാം നടത്തിപ്പുകാരായിരുന്ന വിഷ്ണുവും കാർത്തിക്കും ഫാമിലെത്തി കന്നുകാലികൾക്ക് തീറ്റ നൽകിയ ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ലോറിയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറിയതോടെ വാഹനം ഉടൻ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ ബൈക്കും ലോറിയുടെ മുൻഭാഗവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിരക്ഷാസേനയും കസബ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ പാലക്കാട്–പൊള്ളാച്ചി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സീനിയർ ഫയർ ഓഫീസർ പി. വിപിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
മണിയേരിയിൽ ഉണ്ണിക്കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ് വിഷ്ണു. സഹോദരൻ: സന്തോഷ്.
പുതുശ്ശേരി മന്ദം കുന്നേക്കാട് കൃഷ്ണന്റെയും വേണിയുടെയും മകനാണ് കാർത്തിക്.
ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

