എതിരില്ലാതെ സ്പീക്കർ പദവിയിലേക്ക് ജെസിഡി പ്രഭാകർ; വിജയ്‌യുടെ ടിവികെയ്ക്ക് നിയമസഭയിൽ ആദ്യ രാഷ്ട്രീയ നേട്ടം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിർണായക രാഷ്ട്രീയ നേട്ടമായി സ്പീക്കർ തെരഞ്ഞെടുപ്പ്. ടിവികെയുടെ മുതിർന്ന നേതാവായ ജെസിഡി പ്രഭാകർ എതിരില്ലാതെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.
എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ജെസിഡി പ്രഭാകറിനെയും എം രവിശങ്കറിനെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ കസേരകളിലേക്ക് ടിവികെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ നിർത്താതിരുന്നത് ടിവികെയ്ക്ക് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി വിജയ് പ്രതിപക്ഷ നേതാക്കളുമായി സൗഹൃദപരമായ സമീപനം സ്വീകരിച്ചതും രാഷ്ട്രീയ വൈര്യത്തിനപ്പുറം ബന്ധങ്ങൾ സ്ഥാപിച്ചതും ഈ നീക്കത്തിന് വഴിയൊരുക്കിയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
മൂന്ന് തലമുറകളിൽ എംഎൽഎ
ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ജെസിഡി പ്രഭാകർ മൂന്ന് തലമുറകളിലെ ഭരണകാലത്ത് നിയമസഭയിലെത്തിയ അപൂർവ നേതാവാണ്. എംജിആർ, ജയലളിത, ഇപ്പോൾ വിജയ് സർക്കാരുകളുടെ കാലത്ത് എംഎൽഎയായ അദ്ദേഹം, നിയമസഭാ നടപടികളിലെ ദീർഘാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ പദവിയിലേക്ക് എത്തിയത്.
1980-ൽ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എഐഎഡിഎംകെ സ്ഥാനാർഥിയായാണ് പ്രഭാകർ ആദ്യമായി നിയമസഭയിലെത്തിയത്. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് ടിവികെയിൽ ചേർന്നത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്.
ടിവികെയിലെ നിർണായക നേതാക്കളിൽ ഒരാളായ പ്രഭാകറിന്റെ നിയമസഭാ പരിചയവും പാർട്ടിയിലെ സ്വാധീനവും പരിഗണിച്ചാണ് സ്പീക്കർ പദവിയിലേക്ക് വിജയ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 73 വയസ്സുകാരനായ പ്രഭാകർ പാർട്ടിയുടെ പ്രധാന തന്ത്രനിരൂപകരിലൊരാളായും അറിയപ്പെടുന്നു.
തുറയൂർ മണ്ഡലത്തിലെ എംഎൽഎയായ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

