ഇന്ധനവില വര്‍ധന: ജനങ്ങളോടുള്ള മോദിയുടെ വെല്ലുവിളിയെന്ന് പി കെ ഉസ്മാന്‍

തിരുവനന്തപുരം: ഇന്ധനവില അന്യായമായി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന കേന്ദ്രം, ഇപ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തുണ്ടായ പാചകവാതക ക്ഷാമവും അമിതവിലയും ഇതിനകം തന്നെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍, വീണ്ടും വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഈ വര്‍ധനവ് ആക്കം കൂട്ടും. ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളെ ഇത് സാരമായി ബാധിക്കുന്നത് വഴി സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ വില വര്‍ധിപ്പിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചാലും കോര്‍പറേറ്റുകള്‍ക്ക് ലാഭം കുറയുന്നത് മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സഹിക്കാന്‍ കഴിയില്ലെന്നാണ് ഈ വിലവര്‍ധന നല്‍കുന്ന പാഠം. ജനങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


