മക്കൾ സ്വത്തുക്കൾ കൈക്കലാക്കി പിതാവിനെ ഉപേക്ഷിച്ചു; 85കാരന് തുണയായി ഗാന്ധിഭവൻ

കൊല്ലം കോർപറേഷനിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ ശാന്തഭവനത്തിൽ താമസിച്ചിരുന്ന പി.എൻ. രവീന്ദ്രനാഥ് (85) എന്ന വയോധികനെയാണ് മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തത്.
വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി കുടുംബം മുന്നോട്ടുകൊണ്ടുപോയയാളായിരുന്നു. അജിത്, അനിൽകുമാർ എന്നീ രണ്ട് ആൺമക്കളെയും മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവന്ന അദ്ദേഹം തന്റെ സ്വത്തുക്കളിൽ ഭൂരിഭാഗവും മക്കൾക്കായി എഴുതി നൽകിയ ശേഷമാണ് ദുരിതത്തിലായത്.
കരുനാഗപ്പള്ളി സ്വദേശിയായ രവീന്ദ്രനാഥ് കുടുംബവീട് വിറ്റ് ലഭിച്ച തുകയിൽ 26 ലക്ഷം രൂപ ചെലവഴിച്ച് മങ്ങാട് അറുന്നൂറ്റിമംഗലത്ത് വീടും സ്ഥലവും വാങ്ങുകയും ശേഷിച്ച തുക ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ വരുമാനത്തിൽ ജീവിച്ചുവരികയുമായിരുന്നു. എന്നാൽ മൂത്തമകൻ തന്ത്രപൂർവ്വം വീടും സ്ഥലവും തന്റെ മകളുടെ പേരിൽ എഴുതിവാങ്ങിയതായും, ഇളയമകൻ ബാങ്ക് നിക്ഷേപ തുകയും കൈക്കലാക്കിയതായും ആരോപണമുണ്ട്. തുടർന്ന് രണ്ട് മക്കളും പിതാവിനെ ഉപേക്ഷിച്ച നിലയിലാണ് പോയത്.
ബാങ്ക് വരുമാനം നഷ്ടമായതോടെ വീട്ടുജോലിക്കാരിയും ഒഴിഞ്ഞുപോയി. രോഗബാധിതനും അവശനുമായ രവീന്ദ്രനാഥ് കഴിഞ്ഞ ദിവസങ്ങളായി പരിസരവാസികൾ നൽകുന്ന ഭക്ഷണത്തിലാണ് ജീവിച്ചിരുന്നത്. പ്രായാധിക്യം മൂലം വീടിനകത്ത് തന്നെ മലമൂത്ര വിസർജനം നടത്തേണ്ട ദയനീയ സാഹചര്യത്തിലായിരുന്നു അദ്ദേഹം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഡിവിഷൻ കൗൺസിലർ ടി.ജി. ഗിരീഷ് സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം അധികൃതരുമായി ബന്ധപ്പെട്ട് വയോധികനെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ മൂത്തമകൻ ആദ്യം അച്ഛനെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നാല് ദിവസത്തിനകം വീണ്ടും സ്ഥലം വിടുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മക്കൾക്കെതിരെ പലതവണ പരാതികൾ നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിനിടെയാണ് വിഷയം സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും വാർത്തയായത്. തുടർന്ന് പൊതുപ്രവർത്തകനായ സിദ്ദിഖ് മംഗലശ്ശേരി വിഷയത്തിൽ ഇടപെട്ടതോടെയാണ് പരിഹാരമുണ്ടായത്. കൗൺസിലർ നൽകിയ പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ന് ഉച്ചയോടെ ഗാന്ധിഭവൻ സ്നേഹാലയം അധികൃതർ രവീന്ദ്രനാഥിനെ ഏറ്റെടുത്തു.
ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശപ്രകാരം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, പി.ആർ.ഒ ഷിബു റാവുത്തർ, കോർഡിനേറ്റർ സിദ്ദിഖ് മംഗലശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

