പെരിട്ടോണിയൽ ഡയാലിസിസ് രോഗികൾ വീണ്ടും പ്രതിസന്ധിയിൽ; ഫ്ലൂയിഡ് കിറ്റുകളുടെ ക്ഷാമം തുടരുന്നതായി പരാതി

പാലക്കാട്: വൃക്കരോഗ ചികിത്സയുടെ ഭാഗമായി വീട്ടിൽ പെരിട്ടോണിയൽ ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് ആവശ്യമായ ഫ്ലൂയിഡ് കിറ്റുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാകാത്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധി തുടരുന്നതായി പരാതി. ഒരു വർഷം മുമ്പ് ഉയർന്നിരുന്ന ഈ പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് രോഗികളും കുടുംബാംഗങ്ങളും പറയുന്നത്.
ജില്ലാ ആശുപത്രിയിലൂടെയും സർക്കാർ ഫാർമസികളിലൂടെയും ലഭിക്കേണ്ട ഫ്ലൂയിഡ് കിറ്റുകൾ, മിനി ക്യാപ്, എം.ടി. ബാഗ് തുടങ്ങിയ സാമഗ്രികൾ പലപ്പോഴും ലഭ്യമാകുന്നില്ലെന്നാണ് രോഗികളുടെ പരാതി. ദിവസേന രണ്ടോ മൂന്നോ തവണ വരെ ഡയാലിസിസ് നടത്തേണ്ട രോഗികൾക്ക് ഇതുമൂലം ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളത്.
ആവശ്യമായ സാമഗ്രികൾ ലഭിക്കാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതുമാണ് രോഗികളുടെ പ്രധാന ആശങ്ക. പലരും കടം വാങ്ങിയും മറ്റും ചികിത്സ തുടരുകയാണെന്നും അവർ പറയുന്നു.
കൃത്യമായ ഇടവേളകളിൽ ഡയാലിസിസ് നടത്താൻ കഴിയാത്തത് ആരോഗ്യനില കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലുകളിൽ നീര്, ശ്വാസതടസം, രക്തസമ്മർദ വർധന, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നും രോഗികൾ ആശങ്ക പങ്കുവയ്ക്കുന്നു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുകയും പെരിട്ടോണിയൽ ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ സാമഗ്രികൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്യണമെന്ന് രോഗികളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.
ഒരു വർഷം പിന്നിട്ടിട്ടും പരിഹാരമാകാത്ത ഈ പ്രതിസന്ധി വീണ്ടും ചർച്ചയാകുകയാണ്. ജീവൻ നിലനിർത്താൻ അനിവാര്യമായ ചികിത്സാ സാമഗ്രികൾ ലഭ്യമാക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് രോഗികളുടെ ആവശ്യം.

