Image default
Uncategorized

പെരിട്ടോണിയൽ ഡയാലിസിസ് സാമഗ്രികളുടെ ക്ഷാമം: രോഗികളുടെ ജീവൻ പന്താടരുത്, ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

0:00

പെരിട്ടോണിയൽ ഡയാലിസിസ് സാമഗ്രികളുടെ ക്ഷാമം: രോഗികളുടെ ജീവൻ പന്താടരുത്, ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

പാലക്കാട്: ജില്ലയിലെ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും പെരിട്ടോണിയൽ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമായ ഫ്ലൂയിഡ് കിറ്റുകൾ, മിനി ക്യാപ്പുകൾ, എം.ടി. ബാഗുകൾ തുടങ്ങിയ അവശ്യ സാമഗ്രികൾ ലഭ്യമാകാത്തത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറം പ്രസ്താവനയിൽ പറഞ്ഞു. വൃക്കരോഗ ബാധിതരായ നിരവധി പാവപ്പെട്ട രോഗികൾ ജീവൻ നിലനിർത്തുന്നതിനായി ആശ്രയിക്കുന്ന ഈ ചികിത്സാ സംവിധാനം താളംതെറ്റിക്കുന്നത് പാവങ്ങളുടെ ജീവൻ വെച്ച് പന്താടുന്നതിന് തുല്യമാണ്.

ദിവസേന രണ്ടും മൂന്നും തവണ വരെ നിർബന്ധമായും ഡയാലിസിസ് ചെയ്യേണ്ട രോഗികളാണ് സാമഗ്രികൾ കിട്ടാത്തതിനാൽ ചികിത്സ മുടങ്ങുമെന്ന ഭീതിയിൽ കഴിയുന്നത്. ഒരു ദിവസം പോലും ഈ പ്രക്രിയ മുടങ്ങിയാൽ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടി രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും. സർക്കാർ സംവിധാനങ്ങളിൽ ഇവ ലഭ്യമല്ലാത്തതിനാൽ നിർധനരായ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവിലെ കടുത്ത ജീവിതച്ചെലവുകൾക്കൊപ്പം പതിനായിരക്കണക്കിന് രൂപയുടെ ചികിത്സാ ചെലവുകൾ കൂടി വഹിക്കാൻ കഴിയാതെ നിരവധി കുടുംബങ്ങൾ കടുത്ത പ്രയാസങ്ങളിലാണ്.

പെരിട്ടോണിയൽ ഡയാലിസിസ് ഒരു സാധാരണ ചികിത്സയല്ല, രോഗിയുടെ ജീവൻ നിലനിർത്താൻ അനിവാര്യമായ സംവിധാനമാണ്. കെ.എം.എസ്.സി.എല്ലിന്റെ (KMSCL) ഭാഗത്തുനിന്നുള്ള വീഴ്ചയും ഭരണപരമായ അനാസ്ഥയും കാരണം ഇതിനാവശ്യമായ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെടുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും സഹീർ ചാലിപ്പുറം പറഞ്ഞു.

രോഗികളുടെ ആരോഗ്യവും ജീവനും സംബന്ധിക്കുന്ന ഈ വിഷയത്തിൽ കാലതാമസം കൂടാതെയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. ജില്ലയിൽ ആവശ്യത്തിന് ഫ്ലൂയിഡ് കിറ്റുകളും അനുബന്ധ ഉപകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണം. അതോടൊപ്പം, ഭാവിയിൽ ഇത്തരം കടുത്ത ക്ഷാമം ഉണ്ടാകാതിരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും, രോഗികളുടെ ന്യായമായ ഈ ആവശ്യത്തിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും സഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു.

Related post

വീട്ടിനകത്ത് കളിക്കുന്നതിനിടെ പാമ്പുകടി; ചികിത്സയിലിരുന്ന കുട്ടി മരിച്ചു

Time to time News

കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു

Time to time News

പെരിട്ടോണിയൽ ഡയാലിസിസ് രോഗികൾ വീണ്ടും പ്രതിസന്ധിയിൽ; ഫ്ലൂയിഡ് കിറ്റുകളുടെ ക്ഷാമം തുടരുന്നതായി പരാതി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."