ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; വീട്ടമ്മ അറസ്റ്റിൽ

പാലക്കാട് :നെന്മാറപുഴയ്ക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ വീട്ടമ്മയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം പുഴയ്ക്കൽത്തറ ചെരുവിൽ വീട്ടിൽ പ്രഭാവതി എന്ന പ്രസന്ന (42) ആണ് അറസ്റ്റിലായത്.
മെയ് 29-ന് രാത്രി 9 മണിക്കും മെയ് 30-ന് വൈകിട്ട് 5.45-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ കവർന്നതായാണ് പോലീസ് പറയുന്നത്.
ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജൂൺ 1-ന് നെന്മാറയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ നെന്മാറ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

