കേസ് ഒത്തുതീര്‍പ്പിന്റെ പേരില്‍ 10.58 ലക്ഷം കൈപ്പറ്റിയെന്ന് പരാതി; ബിജെപി ഓഫിസിന് മുന്നില്‍ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

മൂവാറ്റുപുഴ: കേസ് ഒത്തുതീര്‍പ്പിന്റെ പേരില്‍ ബിജെപി നേതാക്കള്‍ 10.58 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയുമായി ബിജെപി ഓഫിസിന് മുന്നില്‍ കുടുംബം ആത്മഹത്യ ഭീഷണിയുമായി പ്രതിഷേധിച്ചു. ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ട പരാതിയില്‍ ചേലാട് ആറ്റ്പുറം സ്വദേശി എ.എം. ജോര്‍ജിന്റെ മകന്‍ ഉള്‍പ്പെട്ട കേസ് തീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണനും സെക്രട്ടറി ടി.എസ്. സുനിഷും പലഘട്ടങ്ങളിലായി പണം കൈപ്പറ്റിയതായാണ് ആരോപണം.
പോലിസ് ഉദ്യോഗസ്ഥനായ സനല്‍ മുഖേനയാണ് 10,58,000 രൂപ നേതാക്കള്‍ക്ക് കൈമാറിയതെന്ന് ജോര്‍ജ് പറഞ്ഞു. എന്നാല്‍ കേസ് തീര്‍പ്പാകാതിരിക്കെ വീണ്ടും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ, പ്രശ്‌നം പരിഹരിക്കാന്‍ ജോര്‍ജ് നേരിട്ട് അഞ്ചുലക്ഷം രൂപ കൂടി ചെലവഴിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.
ഇതോടെ നഷ്ടമായ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് ബന്ധപ്പെട്ട നേതാക്കളെയും ബിജെപി സംസ്ഥാന–ജില്ലാ നേതൃത്വങ്ങളെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ജനുവരി 16ന് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും അതിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ 10ഓടെ ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും ചേര്‍ന്ന് കൈയില്‍ പെട്രോളുമായി ബിജെപി ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ചു. കുടുംബം എത്തിയ സമയത്ത് ഓഫിസിലുണ്ടായിരുന്ന നേതാക്കള്‍ പോലിസിനെ വിളിച്ചശേഷം സ്ഥലം വിട്ടതായും ആരോപണമുണ്ട്.
ഒരു മണിക്കൂറിലേറെ ഓഫിസ് പരിസരത്ത് കാത്തുനിന്ന കുടുംബത്തെ പിന്നീട് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്വന്തം സ്വത്തുക്കള്‍ പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും വലിയ തുക കണ്ടെത്തിയതെന്നും, മാസംതോറും അരലക്ഷത്തിലേറെ രൂപ പലിശ നല്‍കേണ്ട അവസ്ഥയിലാണെന്നും ജോര്‍ജ് പറഞ്ഞു. ഇനി മുന്നോട്ട് പോകാന്‍ വഴിയില്ലാത്തതിനാലാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.


