Image default
Uncategorized

വാളയാർ വംശീയക്കൊല: 90 ദിവസത്തിന് ശേഷം മാത്രമാകേണ്ട ജാമ്യം 40 ദിവസത്തിനുള്ളിൽ; കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും

0:00

വാളയാർ വംശീയക്കൊല: 90 ദിവസത്തിന് ശേഷം മാത്രമാകേണ്ട ജാമ്യം 40 ദിവസത്തിനുള്ളിൽ; കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും

പാലക്കാട്: വാളയാർ വംശീയക്കൊലക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച മണ്ണാർക്കാട് എസ്.സി/എസ്.ടി ജില്ലാ പ്രത്യേക കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഇക്കാര്യത്തിൽ പാലക്കാട് ജില്ലാ കലക്ടർ കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും ഉറപ്പുനൽകി.
ഒരു കൊലക്കേസിൽ സ്വാഭാവികമായും 90 ദിവസം കഴിഞ്ഞ് മാത്രമേ ജാമ്യം ലഭിക്കാറുള്ളുവെന്നിരിക്കെ, വെറും 40 ദിവസത്തിനുള്ളിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അതീവ ഗൗരവതരവും ദുരൂഹത വർധിപ്പിക്കുന്നതുമാണെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിച്ചു. പ്രോസിക്യൂഷന്റെ ദൗർബല്യമാണ് ജാമ്യം അനുവദിക്കാൻ കാരണമായതെന്നും കേസ് കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
കേസിലെ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇന്ന് പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരൻ ശശികാന്താണ് കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്. ജാമ്യം റദ്ദാക്കാൻ സർക്കാർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
റാം നാരായണന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അഡ്വ. കെ. എസ്. നിസാർ അറിയിച്ചു. സർക്കാർ അപ്പീൽ നൽകുന്ന നടപടികൾ വേഗത്തിൽ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെയാണ് സർക്കാർ അപ്പീൽ നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയതിനെ തുടർന്ന്, വിളയോടി ശിവൻകുട്ടി അടക്കമുള്ളവർ പാലക്കാട് നടത്തിവരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് എസ്.സി/എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതിയെ ഒഴികെ എട്ട് പ്രതികൾക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിനു ശേഷം രണ്ടുതവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശി റാം നാരായൺ ഭയ്യ (31)യെ മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കള്ളനെന്ന് ആരോപിച്ചാണ് റാം നാരായണനെ തടഞ്ഞുവച്ചത്. തുടർന്ന് ‘ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നുമാണ് കേസ്.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."