ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ വിവാദ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം–അങ്കമാലി അതിരൂപത

കൊച്ചി: തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ വിവാദ പ്രസ്താവനയിൽ അന്വേഷണം വേണമെന്ന് എറണാകുളം–അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു. സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും രാജ്യത്തെ നിയമ സംവിധാനങ്ങൾ സമഗ്ര അന്വേഷണം നടത്തണമെന്നും അതിരൂപത വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നതിൽ ബിഷപ്പ് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
പോപു
ലർ ഫ്രണ്ട് നെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളിൽ സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ഒരു ലക്ഷ്യമായിരുന്നുവെന്ന പരാമർശം ഗൗരവതരമാണെന്ന് അതിരൂപത വിലയിരുത്തി. ഭാരത കത്തോലിക്ക സഭയുടെയും സീറോ മലബാർ സഭയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് നടത്തിയ ഈ പ്രസ്താവനയിൽ, ആരാണ് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചതെന്നും എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും നിയമസംവിധാനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി.
സീറോ മലബാർ സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ടോ മറ്റ് ആന്തരിക വിഷയങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണെന്നിരിക്കെ, സിബിസിഐ പ്രസിഡന്റെന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിന്റെ ഇടപെടലുകൾ അതിരുവിടുന്നതാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്തരം സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകാമെന്നതും തന്റെ നിരീക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും, സഭയിൽ പിളർപ്പുണ്ടാക്കാൻ പോപു
ലർ ഫ്രണ്ടും ചില മുസ്ലിം സാമുദായിക സംഘടനകളും ഇടപെട്ടിട്ടുണ്ടെന്നുമാണ് ബിഷപ്പ് പറഞ്ഞത്.
ഇതിനെതിരെ അൽമായ മുന്നേറ്റം രംഗത്തെത്തി. ബിഷപ്പ് സംഘപരിവാർ ഏജന്റാണെന്ന സംശയം നിലനിൽക്കുന്നുവെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ ആരോപിച്ചു.

