മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെയെന്ന് സംശയിക്കുന്ന സംഭവത്തിൽ വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ തുടർന്ന് മാതാപിതാക്കൾ ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപം നടന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു. യോഗം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ ലുങ്കിയിൽ കെട്ടി കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കുട്ടിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച രഘുറാം മോഹൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം
കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫോൺ ഉപയോഗം പൂർണമായി വിലക്കുന്നതിന് പകരം, കുട്ടികളുമായി സംവദിച്ചും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കിയുമുള്ള സമീപനമാണ് ആവശ്യമായത്.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സ്കൂളുകളിൽ കുട്ടികൾക്ക് കൃത്യമായ മാനസിക കൗൺസിലിംഗ് സംവിധാനം ശക്തിപ്പെടുത്തണമെന്നും, മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും സാമൂഹിക രംഗത്ത് നിന്ന് ആവശ്യം ഉയരുകയാണ്. കുട്ടികളുടെ മാനസികാരോഗ്യം രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

