Image default
Uncategorized

20 വര്‍ഷം കത്രിക വയറ്റില്‍ കിടന്നാലും അറിയണമെന്നില്ല, ശസ്ത്രക്രിയ നടത്തിയത് ഓര്‍മയിലില്ല’: വിചിത്രവാദവുമായി ഡോ.ലളിതാംബിക

0:00

20 വര്‍ഷം കത്രിക വയറ്റില്‍ കിടന്നാലും അറിയണമെന്നില്ല, ശസ്ത്രക്രിയ നടത്തിയത് ഓര്‍മയിലില്ല’: വിചിത്രവാദവുമായി ഡോ.ലളിതാംബിക

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ലളിതാംബികയുടെ ന്യായീകരണം വിവാദമാകുന്നു. രോഗിക്ക് നിലവില്‍ വൃക്കക്കല്ലുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണുള്ളതെന്നും, വയറ്റില്‍ കത്രിക കിടന്നാല്‍ 20 വര്‍ഷം കഴിഞ്ഞാലും അത് അറിയണമെന്നില്ലെന്നും ഡോക്ടര്‍ പ്രതികരിച്ചു.
ഡിപാര്‍ട്‌മെന്റ് ഹെഡ് എന്ന നിലയിലാണ് ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ച് നല്‍കിയതെന്നും, എന്നാല്‍ താന്‍ ആ ദിവസം ശസ്ത്രക്രിയ നടത്തിയതായി ഓര്‍മയില്ലെന്നും ഡോ. ലളിതാംബിക പറഞ്ഞു. വേദന അനുഭവപ്പെട്ടതായി പറയുന്ന രോഗി തങ്ങളുടെ അടുക്കലേക്ക് ഒരിക്കലും വന്നിട്ടില്ലെന്നും, ഒരുപക്ഷേ സംഭവം 20 വര്‍ഷം മുന്‍പ് നടന്നതാകാമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
അന്നത്തെ സാഹചര്യത്തില്‍ മതിയായ ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫ് ഉറപ്പാക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഡോക്ടറുടെ വാദങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ശക്തമായി തള്ളി. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ഡോക്ടര്‍ ശ്രമിക്കുന്നതെന്നും, ആവശ്യത്തിന് ജീവനക്കാരില്ലെങ്കില്‍ ശസ്ത്രക്രിയ എങ്ങനെ നടത്തിയെന്നുമാണ് മന്ത്രിയുടെ ചോദ്യം. പരാതി വിദഗ്ധ സമിതി പരിശോധിക്കുമെന്നും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം ഗൗരവമായി കാണുന്നുവെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രതികരിച്ചു. പ്രാഥമിക അന്വേഷണം നടത്തി രേഖകള്‍ പരിശോധിക്കുമെന്നും, വിശദമായ അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
അന്നത്തെ ശസ്ത്രക്രിയ സംഘത്തില്‍ നിലവില്‍ സര്‍വീസിലുള്ളവരും ഇല്ലാത്തവരുമുണ്ടായിരുന്നുവെന്നും, ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതെന്നും സൂപ്രണ്ട് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരങ്ങള്‍ കേസ് ഡയറിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വണ്ടാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Related post

നിധിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

Time to time News

ചുണ്ണാമ്പുതറ–ചാത്തപുരം റെയിൽവേ സബ്‌വേ ആറ് ദിവസം അടച്ചിടും

Time to time News

ലൈംഗിക പീഡനപരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."