Image default
Uncategorized

എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല…’ – സമൂഹവേട്ടയിൽ തകർന്ന ജസീലയുടെ അവസാന വീഡിയോ സന്ദേശം

0:00

എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല…’ – സമൂഹവേട്ടയിൽ തകർന്ന ജസീലയുടെ അവസാന വീഡിയോ സന്ദേശം

കാസർകോട് :നാലത്തടുക്ക
‘എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല… ഞാൻ മരിച്ചിട്ടാണെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ വാങ്ങി കൊടുക്കണം.’
മരണത്തിന് മുൻപ് കണ്ണീരോടെ ജസീല റെക്കോർഡ് ചെയ്ത ഈ വാക്കുകൾ സമൂഹ മനസാക്ഷിയെ നടുക്കുന്നതാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ നിരന്തരമായ അപവാദങ്ങളും മാനസിക പീഡനവും നേരിട്ടതിനെ തുടർന്ന്, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ നാലത്തടുക്ക സ്വദേശിനിയായ ജസീല ജീവനൊടുക്കുകയായിരുന്നു.
വീഡിയോ സന്ദേശത്തിൽ ജസീല തന്റെ അവസ്ഥ വ്യക്തമായി വിശദീകരിക്കുന്നു. ‘എന്റെ പേര് ജസീല. ഞാൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ ഏറെ ശിക്ഷ അനുഭവിക്കുകയാണ്. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം കാണാതായി. അത് ഞാൻ എടുത്തുവെന്നാണ് അവർ പറയുന്നത്. എനിക്ക് അറിയുക പോലും ഇല്ലാത്ത ഒരു സാധനമാണ് ഞാൻ എടുത്തുവെന്ന് ആരോപിക്കുന്നത്,’ എന്നാണ് ജസീല പറയുന്നത്.
മോഷണക്കുറ്റം ആരോപിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ജസീലയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നുവെന്ന് വീഡിയോയിൽ പറയുന്നു. ‘കോഴിക്കോട്ട് ഏതോ ചെക്കന്മാരുടെ കൂടെ ഞാൻ റൂമെടുത്തു താമസിച്ചുവെന്നൊക്കെ പറഞ്ഞു. ഭർത്താവിന്റെ വീട്ടുകാർ ഉൾപ്പെടെ എല്ലാവരും ഇതൊക്കെ കേട്ടു. വീട്ടിൽ ഇപ്പോൾ ഒരാൾക്കും സമാധാനമില്ല. എല്ലാവരും മരിക്കേണ്ട അവസ്ഥയിലാണ്,’ എന്നാണ് ജസീലയുടെ വാക്കുകൾ.
തന്റെ മരണത്തിന് ഉത്തരവാദികൾ ആരെന്ന് ജസീല വ്യക്തമായി വീഡിയോയിൽ പറയുന്നു. ‘എന്റെ സുഹൃത്തും, സുഹൃത്തിന്റെ ഉമ്മയും, ആ വീട്ടുകാരുമാണ് എന്റെ മരണത്തിന് ഉത്തരവാദികൾ. അവർ എന്നെ നാണംകെടുത്തി. എന്റെ വീട്ടിൽ വന്ന് അനാവശ്യമായ പലതും പറഞ്ഞു,’ എന്നും ജസീല ആരോപിക്കുന്നു.
നീതി തേടി പോലീസിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന ഗുരുതര ആരോപണവും ജസീല ഉന്നയിക്കുന്നു. ‘ഞാൻ ആദൂർ പോലീസ് സ്റ്റേഷൻ പോയി രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചു. പക്ഷേ, അവർ പരാതി സ്വീകരിച്ചില്ല. എന്റെ ഭാഗത്താണ് തെറ്റ് എന്നുപറഞ്ഞു. ഇവരൊക്കെയാണ് എന്റെ മരണത്തിന് ഉത്തരവാദികൾ,’ എന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ബന്ധുക്കളുടെ മൊഴി പ്രകാരം, തുടർച്ചയായ അപവാദ പ്രചാരണങ്ങളും ഭർത്താവിന്റെ വീട്ടുകാരുടെ അവഗണനയും ജസീലയുടെ കുടുംബജീവിതത്തെ സാരമായി ബാധിച്ചു. എല്ലാവരും കൈവിട്ടതോടെ, പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പറയുന്നു.
ജസീലയുടെ മരണത്തിന് പിന്നാലെ പുറത്തുവന്ന വീഡിയോ സന്ദേശം, സാമൂഹിക അപമാനവും വ്യാജ ആരോപണങ്ങളും ഒരാളുടെ ജീവിതം എത്രത്തോളം തകർക്കാമെന്നതിന്റെ വേദനാജനകമായ തെളിവായി മാറുകയാണ്.

Related post

ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘം

Time to time News

വാൽപ്പാറയിൽ വാഹനാപകടം; എട്ട് മരണം, മരിച്ചത് മലയാളികൾ

Time to time News

പാലക്കാട് പൊള്ളുന്നു; കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."