Image default
Uncategorized

15 ലക്ഷം കൈക്കൂലി, കാറിലിരുന്നു കെട്ടിട നമ്പറിട്ടു; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

0:00

15 ലക്ഷം കൈക്കൂലി, കാറിലിരുന്നു കെട്ടിട നമ്പറിട്ടു; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

എറണാകുളം:വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓവര്‍സീയറെ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയ്യോടെ പിടികൂടി. വിജിലന്‍സ് ചരിത്രത്തില്‍ ഒരു ട്രാപ്പ് കേസില്‍ പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന കൈക്കൂലി തുകയാണിത്.
പുതിയതായി നിര്‍മ്മിച്ച വെയര്‍ഹൗസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പഞ്ചായത്ത് ഓവര്‍സീയറും കാസര്‍ഗോഡ് ഹരിപുരം സ്വദേശിയുമായ ദീപേഷ് കുമാര്‍ അറസ്റ്റിലായത്. ഇയാളെ ഇന്നലെ (24.02.2026) രാത്രി 9.15 ഓടെ കാക്കനാട് കളക്ടറേറ്റ് സമീപത്ത് വെച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
എറണാകുളം പനമ്പള്ളി സ്വദേശിയായ പരാതിക്കാരന്‍ തന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനത്തിന്റെ ആവശ്യത്തിനായി വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വെയര്‍ഹൗസ് നിര്‍മ്മിച്ചിരുന്നു. ഇതിന്‍റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി 21.01.2026-ന് ഓണ്‍ലൈനായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്ഥലപരിശോധനയ്‌ക്കെത്തിയ ഓവര്‍സീയര്‍ ദീപേഷ് കുമാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് കൈക്കൂലി തുക 15 ലക്ഷമായി കുറയ്ക്കുകയായിരുന്നു. പിന്നീട്, 24.02.2026 രാത്രി 9 മണിക്ക് കാക്കനാട് കളക്ടറേറ്റിന് സമീപം വച്ച് കൈക്കൂലി തുക കൈമാറണമെന്ന് ദീപേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ സേവനം കൈക്കൂലി നല്‍കി നേടാന്‍ തയ്യാറാകാതിരുന്ന പരാതിക്കാരന്‍ ഈ വിവരം കേരള വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോ എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം ട്രാപ്പ് ഒരുക്കി നിരീക്ഷണം നടത്തുന്നതിനിടെ, പരാതിക്കാരനില്‍ നിന്നും 5 ലക്ഷം രൂപ പണമായും 10 ലക്ഷം രൂപ ചെക്കായും സ്വീകരിച്ച നിമിഷത്തിലാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
അതേസമയം, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ഫ്രീ നമ്പര്‍ 1064, അല്ലെങ്കില്‍ 8592900900, വാട്‌സ്ആപ്പ് നമ്പര്‍ 9447789100 എന്നിവ വഴി അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

Related post

ആരോഗ്യമന്ത്രിക്കു നേരെയുണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടം; വ്യക്തമാകുന്നത് കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം: മുഖ്യമന്ത്രി

Time to time News

ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു; രണ്ടുപേര്‍ പിടിയില്‍

Time to time News

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."