മിനിലോറി അപകടം: ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സൂചന; ഫാത്തിമ സുഹറയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്:പട്ടാമ്പി കൊപ്പത്ത് മിനിലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മ ഫാത്തിമ സുഹറയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിനിലോറി ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമിതവേഗത്തിലായിരുന്ന ലോറി നിയന്ത്രണം വിട്ട് സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
കണ്ടതൊടി കാസിമിന്റെ ഭാര്യയും 42 വയസുകാരിയുമായ ഫാത്തിമ സുഹറയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൊപ്പം പോലീസ് സ്റ്റേഷന്റെ മുൻവശത്തായിരുന്നു അപകടം. പുലാമന്തോൾ ഭാഗത്ത് നിന്ന് കൊപ്പത്തേക്ക് വരികയായിരുന്ന മിനിലോറിയും, കൊപ്പം ഭാഗത്ത് നിന്ന് വിളയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമ സുഹറയും മകനും സഞ്ചരിച്ച സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ നിയന്ത്രണംവിട്ട മിനിലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ സുഹറയെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിന്റെ ആഘാതത്തിൽ നിയന്ത്രണംവിട്ട ലോറി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിലും രണ്ട് കാറുകളിലും ഒരു സ്‌കൂട്ടറിലും ഇടിച്ച ശേഷമാണ് നിലച്ചത്. സംഭവത്തിൽ കൊപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

