Image default
Uncategorized

മക്കളുണ്ടായിട്ടും അനാഥനായി…സ്വത്തുക്കൾ എല്ലാം മക്കൾക്ക് നൽകി, ഒടുവിൽ ഒരു നേരം ഭക്ഷണത്തിനായി അയൽവാസികളെ ആശ്രയിക്കുന്ന വൃദ്ധ പിതാവിന്റെ ദുരവസ്ഥ

0:00

മക്കളുണ്ടായിട്ടും അനാഥനായി…
സ്വത്തുക്കൾ എല്ലാം മക്കൾക്ക് നൽകി, ഒടുവിൽ ഒരു നേരം ഭക്ഷണത്തിനായി അയൽവാസികളെ ആശ്രയിക്കുന്ന വൃദ്ധ പിതാവിന്റെ ദുരവസ്ഥ

കൊല്ലം മൂന്നാംകുറ്റിയിൽ വയോധികനായ ഒരു അച്ഛന്റെ ജീവിതാവസ്ഥ സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാകുന്നു. ഒരുകാലത്ത് ടിപ്‌ടോപ്പായി വേഷം ധരിച്ചു ഓട്ടോറിക്ഷയിൽ മാത്രം യാത്ര ചെയ്തിരുന്ന, നാട്ടിൽ മാന്യമായി ജീവിച്ചിരുന്ന ഈ അച്ഛൻ ഇന്ന് അസ്ഥികൂടം പോലെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്.
രണ്ട് മക്കളെയും മികച്ച രീതിയിൽ പഠിപ്പിച്ച് ഉയർന്ന നിലയിൽ എത്തിച്ച പിതാവാണ് ഇന്ന് സ്വന്തം വീട്ടിൽ പോലും അനാഥനെപ്പോലെ കഴിയുന്നത്. ഒരാൾ അധ്യാപകനും മറ്റൊരാൾ സാമ്പത്തികമായി വലിയ നിലയിലെത്തിയ ആളുമാണ്. എന്നാൽ വാർദ്ധക്യത്തിൽ അച്ഛന് താങ്ങാവാൻ ഇരുവരും തയ്യാറായില്ലെന്നതാണ് നാട്ടുകാരെ വേദനിപ്പിക്കുന്നത്.
സ്വന്തമായിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്ഥലം വിറ്റ് ലഭിച്ച പണത്തിൽ വീടും പറമ്പും വാങ്ങി, ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അന്ന് ഇടയ്ക്കിടെ അച്ഛനെ കാണാനും സ്നേഹം പ്രകടിപ്പിക്കാനും എത്തിയിരുന്ന മക്കൾ, പിന്നീട് പേരക്കുട്ടികളുടെ പഠനച്ചെലവ് അടക്കമുള്ള ആവശ്യങ്ങൾ പറഞ്ഞ് ബാങ്കിലെ പണം പതിയെ മുഴുവൻ പിൻവലിപ്പിച്ചുവെന്നാണ് ആരോപണം.
അവസാനം താമസിക്കുന്ന വീടും ഒരാളുടെ പേരിൽ എഴുതി വാങ്ങിയതോടെ പിതാവിനെ പൂർണമായും അവഗണിച്ചെന്നാണ് അയൽവാസികളുടെ ആരോപണം. ഇപ്പോൾ ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് മാത്രം ഒരു നേരം ഭക്ഷണം എത്തിക്കുന്നതൊഴിച്ചാൽ മറ്റ് പരിചരണങ്ങളൊന്നുമില്ല. “അതിലധികം ഭക്ഷണം വേണ്ട, രാത്രി വേണമെങ്കിൽ അതു തന്നെ കഴിക്കട്ടെ” എന്ന രീതിയിലുള്ള മക്കളുടെ പ്രതികരണമാണ് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിക്കുന്നത്.
സുമനസ്സുകളായ അയൽവാസികൾ എത്തിക്കുന്ന ഭക്ഷണമാണ് ഈ വയോധികന്റെ ജീവൻ പിടിച്ചു നിർത്തുന്നത്. അസുഖം വന്നാലും മക്കളെ വിളിച്ചാൽ ഫോണിൽ അപമാനകരമായ മറുപടികളാണെന്നും നാട്ടുകാർ പറയുന്നു. ഒരിക്കൽ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അയൽവാസി മക്കളെ ബന്ധപ്പെടുമ്പോൾ “ഞങ്ങൾ ആശുപത്രിയിലാണ്” എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും പിന്നീട് അച്ഛന്റെ കാര്യത്തിൽ തിരിഞ്ഞ് നോക്കിയില്ലെന്നും പറയുന്നു.
വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചാൽ കൈവശപ്പെടുത്തിയ സ്വത്തുക്കൾ തിരിച്ചുകിട്ടാതെ പോകുമെന്ന ഭയമാണ് മക്കളെ പിന്തിരിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്. “അച്ഛനെ ആരാണ് നോക്കേണ്ടത്” എന്ന കാര്യത്തിൽ സഹോദരങ്ങൾ പരസ്പരം കുറ്റം ചുമത്തുമ്പോൾ, ഒരു പിതാവിന്റെ ജീവിതമാണ് ദുരിതത്തിലാഴ്ന്നിരിക്കുന്നത്.
“ഈ അച്ഛന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകും” എന്ന നിലപാടിലാണ് പ്രദേശവാസികൾ. വാർദ്ധക്യത്തിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണതക്കെതിരെ ശക്തമായ നിയമനടപടിയും സാമൂഹിക ഇടപെടലും വേണമെന്ന ആവശ്യവും ഉയരുന്നു.
മക്കളെ ഉയർത്തിപ്പിടിച്ച ഒരു പിതാവിന്റെ ജീവിതം ഇങ്ങനെ ദുരന്തമാകുമ്പോൾ, മനുഷ്യബന്ധങ്ങളുടെ വില സമൂഹം വീണ്ടും ചോദ്യം ചെയ്യുകയാണ്.

Related post

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

Time to time News

പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Time to time News

എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."