Image default
Uncategorized

ഡോ. സി.ആർ. രാമസ്വാമിക്ക് നാടിന്റെ അന്ത്യാഞ്ജലികുട്ടികളുടെ പ്രിയ ഡോക്ടർ ഇനി ഓർമ്മകളിൽ

0:00

കുട്ടികളുടെ പ്രിയ ഡോക്ടർ ഇനി ഓർമ്മകളിൽ

പാലക്കാട്: തലമുറകൾക്ക് ആരോഗ്യവും ആശ്വാസവും നൽകി ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. സി.ആർ. രാമസ്വാമി അന്തരിച്ചു. 81 വയസ്സായിരുന്നു. വിശ്രമജീവിതത്തിനിടെ ബെംഗളൂരുവിലെ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നാളെ രാവിലെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിക്കും. രാവിലെ 8 മുതൽ 11 വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.
പാലക്കാട് ജില്ലയിലെ ആദ്യകാല ശിശുരോഗ വിദഗ്ധരിൽ പ്രമുഖനായിരുന്ന ഡോ. രാമസ്വാമി, 55 വർഷത്തിലേറെ നീണ്ട ചികിത്സാ ജീവിതത്തിൽ ആയിരക്കണക്കിന് കുട്ടികളെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടറായിരുന്നു. ചികിത്സയ്ക്കായി എത്തുന്ന ഓരോ കുഞ്ഞിനോടും കരുതലും സ്നേഹവും ചേർന്ന സമീപനമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
വീര്യം കൂടിയ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുട്ടികൾക്ക് ദോഷകരമാണെന്ന ബോധ്യം വളരെ നേരത്തെ തന്നെ സ്വീകരിച്ചിരുന്ന അദ്ദേഹം, രോഗം കൃത്യമായി തിരിച്ചറിഞ്ഞുള്ള ചികിത്സയ്ക്കാണ് പ്രധാന്യം നൽകിയിരുന്നത്. “രാമസ്വാമി ഡോക്ടർ നോക്കിയാൽ കുട്ടിയുടെ അസുഖം മാറും” എന്ന വിശ്വാസത്തോടെ ദൂരദൂരങ്ങളിൽ നിന്നുമാണ് രക്ഷിതാക്കൾ കുട്ടികളുമായി അദ്ദേഹത്തെ സമീപിച്ചിരുന്നത്. ഡോക്ടറുടെ ചികിത്സ ലഭിച്ച തലമുറകൾ പിന്നീട് സ്വന്തം മക്കളുമായും അദ്ദേഹത്തെ കാണാൻ എത്തിയത് അദ്ദേഹത്തോടുള്ള വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
മംഗളൂരു കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് പാലക്കാട് തന്നെ സേവനമേഖലയായി തെരഞ്ഞെടുത്ത അദ്ദേഹം റെയിൽവേ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് കുട്ടികൾക്കായി മാത്രം പ്രവർത്തിച്ചിരുന്ന പാലക്കാട്ടെ ആദ്യ ആശുപത്രികളിലൊന്നായ ചുണ്ണാമ്പുതറ ചൈൽഡ് കെയർ സെന്റർ ആരംഭിച്ചു. തുടർന്ന് തങ്കം ആശുപത്രി, ദേവി നഴ്സിങ് ഹോം, താണാവ് വിജയ് നഗറിലെ ക്ലിനിക്ക് എന്നിവിടങ്ങളിലായി ദീർഘകാലം സേവനം തുടർന്നു.
അറുപതാം പിറന്നാളിനോടനുബന്ധിച്ച് ആരംഭിച്ച “തണൽ ചാരിറ്റബിൾ ട്രസ്റ്റ്” മുഖേന അശരണർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സേവനപ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ജില്ലാ പ്രസിഡന്റായും ഐഎംഎ പീഡിയാട്രിക്സ് ചാപ്റ്റർ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വൈദ്യരംഗത്തിനപ്പുറം സംഗീതത്തിലും കായികരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മൃദംഗം, ഘടം എന്നിവയിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബാഡ്മിന്റൻ കളിക്കാരനും സംഘാടകനുമായും അറിയപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരായ ജി. അരവിന്ദൻ, മോഹൻലാൽ, നെടുമുടി വേണു എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഭാര്യ: അംബിക രാമസ്വാമി.
മക്കൾ: ഡോ. ലേഖ (യുകെ), പ്രതിഭ (ബെംഗളൂരു), ശാന്താറാം (യുഎസ്).
മരുമക്കൾ: ഡോ. ശ്രീധർ, അശോക്.
സഹോദരങ്ങൾ: സി.ആർ. ഗണേശൻ, പരേതനായ സി.ആർ. ബാലകൃഷ്ണൻ.

Related post

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."